This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോഡിയസ് I

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലോഡിയസ് I

Claudius I (B.C. 10 - A.D. 54)

എ.ഡി. 41 മുതല്‍ 54 വരെ റോമാസാമ്രാജ്യം ഭരിച്ചിരുന്ന ചക്രവര്‍ത്തി. ടൈബീരിയസ് ക്ലോഡിയസ് നീനാ ജെര്‍മാനിക്കസ് എന്നാണ് ഇദ്ദേഹത്തിന്റെ ഔദ്യോഗികനാമം. ലുഗ്ഡനമില്‍ (ഫ്രാന്‍സിലെ ലിയോണ്‍) ബി.സി. 10 ആഗ. 1-ന് ജനിച്ചു. എ.ഡി. 37-ല്‍ കാലിഗുള ചക്രവര്‍ത്തിയുടെ ഭരണകാലത്താണ് (37-41) ക്ലോഡിയസ് ഒരു കോണ്‍സല്‍ ആയി നിയമിക്കപ്പെട്ടത്.

എ.ഡി. 41 ജനുവരിയില്‍ നടന്ന കാലിഗുളയുടെ കൊലപാതകം അപ്രതീക്ഷിതമായി ക്ലോഡിയസിനെ അധികാരത്തിലേറ്റി. അതിനു ക്ലോഡിയസിനെ സഹായിച്ചത് റോമിലെ പ്രീറ്റോറിയന്‍ (Praetorian) ഗാര്‍ഡുകളായിരുന്നു. സെനറ്റുമായുള്ള പ്രയാസമേറിയ ഇടപാടുകളില്‍ ക്ലോഡിയസിന്റെ സഹായിയായിരുന്നത് അഗ്രിപ്പാ ആയിരുന്നു. എ.ഡി. 42-ല്‍ ഡല്‍മേഷ്യയിലെ ഗവര്‍ണര്‍ ക്ലോഡിയസിനെതിരായി കലാപം നടത്തിയപ്പോള്‍, അതിനെ പല സെനറ്റര്‍മാരും അനുകൂലിച്ചിരുന്നു. പിന്നീട് ക്ലോഡിയസിനെ വധിക്കാനുള്ള പല ശ്രമങ്ങളിലും സെനറ്റര്‍മാര്‍ പങ്കാളികളായി. സെനറ്റിന്റെ പദവി നിലനിര്‍ത്തുന്നതിനും വിപുലീകരിക്കുന്നതിനും നടപടികളെടുത്തുവെങ്കിലും, ക്ലോഡിയസ് തന്റെ അധികാരം നിലനിര്‍ത്തുന്നതിന് റോമന്‍ കുതിരപ്പടയെയാണ് ആശ്രയിച്ചിരുന്നത്.

ബ്രിട്ടന്‍ ആക്രമിക്കാനും (എ.ഡി. 43) തെംസ് നദികടക്കാനുമുള്ള ശ്രമത്തിനിടയില്‍ ആക്രമണത്തിനു നേതൃത്വം നല്കാനും കോള്‍ചെസ്റ്റര്‍ ആക്രമിക്കാനുമുള്ള ക്ലോഡിയസിന്റെ തീരുമാനം സ്വന്തം പ്രതിച്ഛായ വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗങ്ങളായിരുന്നു. ക്ലോഡിയസ് യുദ്ധവീരന്മാരുടെ ഒരു സംഘത്തെ കോള്‍ചെസ്റ്ററില്‍ പാര്‍പ്പിക്കുകയും ഒരു കൂട്ടം ആശ്രിതരാജ്യങ്ങളെ അതിര്‍ത്തിയില്‍ സ്ഥാപിക്കുകയും ചെയ്ത് രാജ്യത്തിന്റെ അതിര്‍ത്തി ബലപ്പെടുത്തി. എന്നാല്‍ ഈ ഏര്‍പ്പാടുകള്‍തന്നെ കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തി.

ക്ലോഡിയസ് തന്റെ ഭരണകാലത്ത് മോറിറ്റേനിയ, ലിസിയ, ത്രേസ് എന്നീ ഭൂവിഭാഗങ്ങളെ റോമന്‍ പ്രവിശ്യകളായി അംഗീകരിച്ചു. അഗ്രിപ്പായുടെ കാലശേഷം (എ.ഡി. 44) ജൂഡേയാ ഒരു പ്രത്യേക പ്രവിശ്യയായി. 49-ല്‍ എറ്റ്രൂറിയാ സിറിയന്‍ പ്രവിശ്യയോട് ചേര്‍ക്കപ്പെട്ടു. ജര്‍മന്‍ വര്‍ഗങ്ങളുമായോ പാര്‍തിയന്മാരുമായോ സംഘട്ടനത്തിലേര്‍പ്പെട്ട് സാമ്രാജ്യത്തിന്റെ സുസ്ഥിരത നശിപ്പിക്കുവാന്‍ ക്ലോഡിയസ് തയ്യാറായില്ല. അര്‍മീനിയ റോമന്‍ നിയന്ത്രണത്തില്‍ നില്ക്കുന്നതിനുവേണ്ടി ക്ലോഡിയസ് മിത്രഡേറ്റ്സിനെ സഹായിച്ചിരുന്നു. എന്നാല്‍ എ.ഡി. 52-ല്‍ പാര്‍തിയന്മാരുമായുള്ള ഒരു തുറന്ന യുദ്ധം ഒഴിവാക്കുന്നതിനുവേണ്ടി മിത്രഡേറ്റ്സിനെ ഇദ്ദേഹം കൈയൊഴിഞ്ഞു.

ക്ലോഡിയസ് നീതിന്യായ ഭരണം വളരെയേറെ മെച്ചപ്പെടുത്തി. പ്രവിശ്യകളുമായുള്ള ബന്ധത്തില്‍ ക്ലോഡിയസ് അവയ്ക്ക് റോമന്‍ പൗരത്വത്തിന്റെ പല ഘട്ടങ്ങളും അനുവദിക്കുകയുണ്ടായി. ഉദാഹരണത്തിന് നോറിക്കമിലെ അഞ്ചു സിവിറ്റാറ്റുകള്‍ മുന്‍സിപ്പിയം ആയി ഉയര്‍ത്തി. അദ്ദേഹം നഗരീകരണം ത്വരിതപ്പെടുത്തുകയും പല പുതിയ കോളനികളും (ഉദാ. കോള്‍ചെസ്റ്റര്‍, കൊളോണ്‍, എന്നിവ) സ്ഥാപിക്കുകയും ചെയ്തു. എ.ഡി. 49-ല്‍ റോം നഗരാതിര്‍ത്തി വിപുലീകരിച്ചു (ഈ മേഖലയ്ക്കകത്തു മാത്രമേ റോമന്‍ ദേവന്മാരെ പൂജിക്കുകയും റോമന്‍ മജിസ്ട്രേറ്റുമാര്‍ക്ക് പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ പാടുണ്ടായിരുന്നുള്ളൂ). അലക്സാന്‍ഡ്രിയയിലെ യഹൂദന്മാരും യഹൂദരേതരരും ആയ ജനങ്ങളോട്, 'ഈ വിനാശകരവും ദുശ്ശാഠ്യപൂര്‍ണവുമായ ശത്രുത അവസാനിപ്പിക്കു'വാന്‍ അദ്ദേഹം എഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പൊതുജനസേവന പദ്ധതികളില്‍ റോമിന്റെ ആവശ്യത്തിനുള്ള ധാന്യം എത്തിക്കാനുള്ള ഒരു പദ്ധതിയും ഓസ്റ്റ്രിയാ തുറമുഖത്തിന്റെ നിര്‍മാണവും ഉള്‍പ്പെടുന്നു.

പ്രവിശ്യാഭരണത്തില്‍ ചക്രവര്‍ത്തിയുടെ നിയന്ത്രണം വിപുലീകരിക്കുന്നതിനായിരുന്നു ക്ലോഡിയസിന്റെ ശ്രമം. സെനറ്റര്‍മാരുടെ നിയന്ത്രണത്തിലായിരുന്ന പ്രവിശ്യകളിലും ചക്രവര്‍ത്തിയുടെ നികുതിപിരിവുദ്യോഗസ്ഥന്മാരെ നിയമിച്ചിരുന്നു. ലഗ്ഡനത്തില്‍ നിന്നു കണ്ടെടുക്കപ്പെട്ട ഒരു രേഖയില്‍ ഗാളുകളെ സെനറ്റില്‍ പ്രവേശിപ്പിക്കുന്നതിനെപ്പറ്റിയും ക്ലോഡിയസ് ആ അവകാശം സ്ഥിരീകരിച്ചു കൊടുത്തതിനെപ്പറ്റിയും പ്രസ്താവിക്കുന്നുണ്ട്.

ക്ലോഡിയസും മെസ്സലിനായുമായുള്ള വിവാഹബന്ധം എ.ഡി. 47-ല്‍ അജ്ഞാതമായ കാരണങ്ങളാല്‍ അവസാനിക്കുകയാണുണ്ടായത്. അതിനുശേഷം ക്ലോഡിയസ് അഗ്രിപ്പിനായെ വിവാഹം കഴിച്ചു. അഗ്രിപ്പിനായുടെ ആഗ്രഹപ്രകാരം അവളുടെ മുന്‍വിവാഹത്തിലുണ്ടായ നീറോയെ, സ്വന്തം പുത്രനായ ബ്രിട്ടാനിക്കസിനെതിരായി അനന്തരാവകാശിയാക്കുകയുണ്ടായി (ബ്രിട്ടാനിക്കസിനെ നായകനാക്കി പ്രസിദ്ധ ഫ്രഞ്ചു കവിയായ റാസീന്‍ ബ്രിട്ടാനിക്കസ് എന്ന ഒരു നാടകം എഴുതിയിട്ടുണ്ട്). അഗ്രിപ്പിനാ ക്ലോഡിയസിനെ വിഷംകൊടുത്തു കൊന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത് (54 ഒ. 13). ഇദ്ദേഹത്തെത്തുടര്‍ന്ന് നീറോ റോമാചക്രവര്‍ത്തിയായി.

ക്ലോഡിയസ് II

ഇതിനിടയില്‍ റോമന്‍ സാമ്രാജ്യം ഛിന്നഭിന്നമായിരുന്നു. ഇതില്‍ മധ്യഭാഗങ്ങളില്‍ മാത്രമേ ക്ലോഡിയസിന് അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. പടിഞ്ഞാറന്‍ പ്രവിശ്യകള്‍ തന്റെ കീഴില്‍ കൊണ്ടുവരാനുള്ള ക്ലോഡിയസിന്റെ ശ്രമം പരാജയപ്പെട്ടു. അപരിഷ്കൃതവര്‍ഗമായ വാന്‍ഡലുകള്‍ക്കെതിരായി യുദ്ധശ്രമം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ക്ലോഡിയസ് എ.ഡി. 270 ആദ്യത്തില്‍ത്തന്നെ പ്ളേഗുരോഗത്താല്‍ മരണമടഞ്ഞത്. അടുത്ത നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റീന്‍ I, താന്‍ ക്ലോഡിയസ് II-ന്റെ പൗത്രിയുടെ മകനായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നു.

(എ.പി. ഇബ്രാഹിം കുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍